കാലത്തിനു പിടികൊടുക്കാതെ നിൽക്കുന്ന കുടജാദ്രിയിലേക്കൊരു യാത്ര ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല. എങ്ങനെ പോയാലും മനസ്സിൽ നാളുകളോളം സൂക്ഷിക്കുവാനുള്ള ഓർമ്മകൾ നല്കുന്ന കുടജാദ്രി സ്വപ്നങ്ങളിൽ ഇല്ലാത്തവർ ചുരുക്കമായിരിക്കും....
🏁🏳🏁🏳🏁🏳🏁
✒ #ഊര്തെണ്ടി
രാത്രി 8.30നാണ് ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്നും ബസ് കൊല്ലൂർ അമ്പലത്തിന് മുന്നിൽ കുടജാദ്രിയിലേക്കുള്ള ജീപ്പുകൾ പാർക്ക് ചെയ്തു കിടപ്പുണ്ട് കുടജാദ്രിയിലേക്കുള്ള പാസടക്കം ഒരാൾക്ക് 375 രൂപയാണ് തുക. ഒന്നര മണിക്കൂർ വീതം അങ്ങോട്ടുമിങ്ങോട്ടും യാത്ര, ഒന്നര മണിക്കൂർ സർവ്വജ്ഞപീഠം കണ്ടിറങ്ങി വരാനുള്ള സമയം. കൂതുടൽ സമയം കാത്തു നിൽക്കില്ല.
#വല്ലാത്ത_കാഴ്ചയാണ്_ഭായ്
കൊല്ലൂരിൽ നിന്നും ഒന്നരമണിക്കൂർ ദൂരമാണ് കുടജാദ്രിയിലേക്കുള്ളത്.
വണ്ടി മുന്നോട്ട് പോകുന്തോറും കാഴ്ച്ചകളിലും മാറ്റം തുടങ്ങി. ആദ്യമാദ്യം ഇരുണ്ട് കെട്ടിയ മരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയായിരുന്നു യാത്രയെങ്കില്‍ ഇപ്പോൾ അത് മഴക്കാട്ടിലെത്തി നിൽക്കുകയാണ്. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞു കടന്നു വരുന്ന വഴികളിലൂടെയാണ് യാത്ര.
വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും ഇരുവശത്തും തലയുയർത്തി നിൽക്കുന്ന കാടും അതിനിടയിലൂടെ വളരുന്ന വള്ളികളും അങ്ങുയരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും ഒക്കെയായി കാഴ്ചകൾ ഏറെയാണ്
#അങ്ങനെ_മുകളിലേക്ക്
വലിയ വലിയ വൃക്ഷങ്ങളും കമുകിൻ തോട്ടവും ഇടയ്ക്കു മാത്രം കാണുന്ന വീടുകളും ഒക്കെ പിന്നിട്ട് വഴി തിരിഞ്ഞ് കയറി നിൽക്കുന്നത് ചെക് പോസ്റ്റിലാണ്. ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് ഇവിടുന്ന് അനുമതി വേണം. ഒരാൾക്ക് 25 രൂപയാണ് മുകളിലേക്കുള്ള യാത്രയുടെ പാസിന്. പാസും വാങ്ങി വണ്ടി തിരിഞ്ഞു. കുടജാദ്രി നടന്നു കയറുവാൻ തയ്യാറെടുക്കുന്നവരാണ് അവിടെ മുഴുവൻ. നടന്നുകയറണെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും 12 കിലോമീറ്റർ ദൂരവും സമയത്തിന്റെ കുറവും ഇണ്ടായതുകൊണ്ട് ഒന്നും ആലോചിക്കേണ്ടി വന്നില്ല. യാത്ര വണ്ടിയിൽ തന്നെ..
#ഓഫ്_റോഡൊക്കെ_ഇതാണ്_മോനെ
ഒരു ചെറിയ കുലുക്കത്തോടെ കുടജാദ്രിയുടെ ഏറ്റവും വലിയ അട്രാക്ഷനായ ഓഫ് റോഡിങ്ങിനു അങ്ങനെ തുടക്കമായി. ആദ്യത്തെ കുറച്ചു ദൂരം പോയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇതല്ല ഇതിലപ്പുറം ചാടികടന്നവനാണ് ഈ കെകെ ജോസഫ് എന്ന മട്ടില്‍ ഒരു ലോഡ് പുച്ഛം മുഖത്ത് ഇട്ട് തുടങ്ങിയപ്പോഴേക്കും ഓഫ് റോഡിന്റെ യഥാർഥ രസം തുടങ്ങിയിരുന്നു. ചളി കുഴഞ്ഞ റോഡും ഒരു 30 മീറ്ററിലധികം മുന്നിൽ കാണാത്ത വളവും ഒക്കെയായി വഴി കിടക്കുകയാണ്. ഇനിയെല്ലാം ഡ്രൈവറിന്റെ കയ്യിൽ എന്നു പറഞ്ഞ് ഞങ്ങൾ ഇരിപ്പായി. കുറച്ചു ദൂരം വണ്ടി സ്മൂത്തായി പോയി. പിന്നെ പെട്ടന്ന് വളവും തിരിവും .കല്ലിൽ നിന്നു കല്ലിലേക്കും ചളിക്കുഴിയില്‍ നിന്നു പാറക്കെട്ടിലേക്കും എടുത്തുചാടി പോകുന്ന വണ്ടിയിൽ ജീവൻ കയ്യിലെടുത്തല്ലാതെ ഇരിക്കാൻ പറ്റില്ല.
അസാമാന്യ കൈവഴക്കത്തോടെ ജീപ്പിനെ വരുതിയിൽ നിർത്തുന്ന ഡ്രൈവറെ പിന്നീട് ഒരു നിമിഷം പോലും ഓർക്കാതിരിക്കില്ല. ഈ ജീപ്പ് ഒന്നൊന്നര സംഭവാ എന്നു മാത്രമേ പറയുവാൻ പറ്റൂ!! പേടിപ്പിക്കുന്ന റോഡ് കഴിഞ്ഞു..ഇനി കുറേ ദൂരം നല്ല റോഡാണ്. നല്ല റോഡ് എന്നു പറഞ്ഞാൽ ടാറിട്ടത് എന്നല്ല, മുൻപത്തെ വഴിയേക്കാൾ കുറച്ചു ഭേദം. അത്രയേയുള്ളൂ. അപ്പോഴേക്കും ചാറ്റൽ മഴയും കോടമഞ്ഞും ഇത്തിരി കൂടി കനത്തു. തൊട്ടുമുന്നിലെ കാഴ്ചകൾ കാണാൻ പോലും പറ്റാത്ത കട്ടിമഞ്ഞ്. ഒരു വലിയ വളവ് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും സ്ഥലമെത്തി. വണ്ടി നിർത്തി. ഇനിയുള്ള ദൂരം നടന്നാണ് കയറേണ്ടത്. ഒന്നര മണിക്കൂർ സമയം ഉണ്ട്. അതിനുള്ളിൽ പോയ് വരണം.
#അങ്ങനെ_സർവജ്ഞപീഠത്തിലേക്ക്
നല്ല മഴയും കോടമഞ്ഞുമായതിനാൽ ചിത്രമൂലയിലേക്ക് പ്രവേശനം ഇല്ലെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നു. ചെരിപ്പിടണോ വേണ്ടയോ എന്നുള്ള വലിയ ആലോചനയ്ക്കു ശേഷം ചെരിപ്പിടാതെ മുകളിലേക്ക് നടക്കുവാൻ തീരുമാനിച്ചു. അടുത്തകാലത്തെടുത്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നായിരുന്നു അതെന്ന് അറിയാൻ 10 മിനിട്ടു പോലുമെടുത്തില്ല. മുന്നോട്ടു പോകുമ്പോൾ ആദ്യം കാണുന്നത് കുറച്ചു ക്ഷേത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ടത് ആദിമൂകാംബിക ക്ഷേത്രമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച വിഗ്രഹമാണുള്ളത്.അവിടെ കയറി പൂജാരി പറഞ്ഞ ചരിത്രമൊക്കെ കേട്ട് പതുക്കെയിറങ്ങി. ഇനി നല്ല കയറ്റമാണ്. കൂടെ മഴയും മഞ്ഞും. !
#ഇവിടുത്തെ_കാഴ്ചയാണ് _കാഴ്ച
ചെറിയ കൽക്കെട്ട് കയറിക്കഴിഞ്ഞാൽ ഉരുളൻകല്ലുകൾ നിറഞ്ഞ വഴി തുടങ്ങി. യാത്രയുടെ സുഖവും രസവും എല്ലാം ഈ വഴിയും ഇവിടുത്തെ കാഴ്ചകളുമാണ്. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കുത്തനെയുള്ള കയറ്റങ്ങളും പുൽമേടുകളുമെല്ലാം താണ്ടി മുന്നോട്ട് പോവുകയാണ്. ചെരിപ്പിടാത്തതിനാൽ വേഗത അല്പം കുറഞ്ഞെങ്കിലും യാത്രയുടെ സ്പിരിറ്റിനെ അതൊട്ടും ബാധിച്ചിട്ടില്ല. ഒറ്റയടി പാതകൾ വളരെ പെട്ടന്നാണ് തുറസ്സായ പുൽമേടുകളിലേക്കെത്തുന്നത്. അത് പിന്നെയും ഇരുവശവും കാടു നിറഞ്ഞു നിൽക്കുന്ന വഴിയിലേക്ക് മാറി. എന്തോക്കയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന വഴിയിലൂടെയൊരു യാത്ര. ഉരുളൻ ചെങ്കല്ലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയിലൂടെയാണ് ഇനി പോകേണ്ടത്. ഇരുവശവും പൂത്തു നിൽക്കുന്ന പേരറിയാ ചെടികളും കാടിന്റെ അകംകാഴ്ചകളും മുന്നോട്ട് നീങ്ങാൻ സമ്മതിക്കില്ല. അവിടെ നിന്നു കണ്ടുതീര്‍ക്കാമെന്നു വിചാരിച്ചാലും അത് തീരില്ല. ഓരോ കോണിലും അത്രയധികം കാഴ്ചകളാണുള്ളത്. മുകളിലേക്ക് കയറി ചെല്ലുമ്പോൾ വഴി തീർന്നതുപോലെ തോന്നും.
നേരെ കയറിയാൽ ചെല്ലുന്നത് ആഴമുള്ള കൊക്കയിലേക്കാണ്. ഇനി സഞ്ചരിക്കേണ്ടത് ഇടതുവശത്തേയ്ക്കാണ്. അറ്റം കാണാത്ത കൊക്ക ഒരു വശത്തും വെള്ളം കുത്തിയൊലിച്ചിറങ്ങിയ വഴിയുടെ മറുഭാഗത്ത് കൂടി മുന്നോട്ട് പോകാം. ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിൽ ഒന്നും കാണാൻ പറ്റുന്നില്ല. കോടമഞ്ഞിന്റെ വരവ് തൊട്ടു മുന്നിലെ കാഴ്ചകളപ്പോലും മറച്ചു. എത്ര ദൂരം മുന്നോട്ട് പോകണമെന്നുപോലും അറിയില്ല. കട്ടികൂടി വരുന്ന മഞ്ഞും മഴയും വന്നുംപോയുമിരിക്കുകയാണ്. എന്തുസംഭവിച്ചാലും മുന്നോട്ടുതന്നെ... വഴിയെക്കുറിച്ച് ഒരുപിടിപാടുമില്ലാതെ മുന്നോട്ട് നടക്കുകയാണ്.. പെട്ടന്നാണ് കോടമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു രൂപം... വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന സർവ്വജ്ഞ പീഠം. എങ്ങനെ കാണമെന്നു കൊതിച്ചോ അതേ രൂപത്തിൽ....... കല്ലിൽ നിർമ്മിച്ച സർവ്വജ്ഞ പീഠത്തിന്റെ ഭംഗി കണ്ടും അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചും കുറേ നേരം നിന്നു...പതിയെ താഴേക്കുള്ള യാത്ര തുടങ്ങി.
#ഗണപതി_ഗുഹയിലേക്ക്
ചെരുപ്പിടാതെ വന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായത് താഴേക്കിറങ്ങിയപ്പോഴായിരുന്നു. ചരലിൽ ചവിട്ടി നടക്കാൻ പറ്റാത്ത അവസ്ഥ. ഒരു വിധത്തിൽ താഴേക്കിറങ്ങി. തിരിച്ചിറങ്ങുമ്പോൾ കയറണമെന്നു വിചാരിച്ച ഗണപതി ഗുഹയിലേക്ക്. ഒരു അഞ്ച് മിനിട്ട് നടക്കുവാനുണ്ട്.. ഇരുവശവും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒറ്റയടിപാതയിലൂടെയാണ് ഇവിടെ എത്തേണ്ടത്. ഒരു ഗുഹയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗണേശ വിഗ്രഹമാണ് ഇവിടുത്തെ കാഴ്ച. മാത്രമല്ല, ഗുഹയ്ക്കുള്ളിൽ മീറ്ററുകൾ നീളമുള്ള ഒരു തുരങ്കമുണ്ട്. ഇരുണ്ടു കിടക്കുന്ന ഈ തുരങ്കത്തിലൂടെ പലരും കയറാറുണ്ടെങ്കിലും കുറച്ചു മുന്നോട്ട് പോയാൽ പോലും ശ്വാസം കിട്ടാത്ത അവസ്ഥയാണുള്ളത്. സാധാരണയായി ഇവിടെ പൂജാരിയുണ്ടാകാറുണ്ടങ്കിലും ഞങ്ങൾ ചെന്നപ്പോളില്ലായിരുന്നു.
മനസില്‍ ചേര്‍ത്ത് വെച്ച കുടജാദ്രി വീണ്ടും വന്ന വഴിയിലൂടെ ഒരു മടക്കയാത്ര. കാടും കാട്ടരുവിയും ഒക്കെ കണ്ട് കൊണ്ട് കൊല്ലൂരെത്തി. കാണുന്നവരെല്ലാം മലയാളികൾ. മലയാളികളെത്താത്ത ഒരു ദിവസമുണ്ടെങ്കിൽ താൻ മലയാളക്കരയിലേക്കു വരുമെന്നു പറഞ്ഞ ദേവിയെ കാണാൻ അത്രയധികം മലയാളികളുണ്ടവിടെ
അങ്ങനെ തിരികെ ഏഴു മണിയുടെ ബസിന് ബാംഗ്ലൂരിലേക്ക്...
🏁🏁🏁🏁🏁🏁
✒ #ഊര്തെണ്ടി
No comments:
Post a Comment