ഗോവ...പേരുകേൾക്കുമ്പോള്‍ തന്നെ മനസ്സിലാദ്യം വരിക ബീച്ചുകളാണ്. നിലയ്ക്കാത്ത ആഘോഷങ്ങളും ബഹളങ്ങളും നിറഞ്ഞ് ഒരിക്കലും ഉറങ്ങാത്ത ഒരു നാട്...
സാഹസികമായ വാട്ടർ സ്പോർട്സുകളും പഴമയുടെ ഗാംഭീര്യം വിളിച്ച് പറയുന്ന ക്രിസ്തീയ ദേവാലയങ്ങളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെ ഈ നാടിനെ പ്രിയപ്പെട്ടതാക്കുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗോവയിലെ ഠ വട്ടത്തിലെ കാഴ്ചകൽ കാണാൻ എത്തുന്നത്.
ആഘോഷങ്ങളുടെ തലസ്ഥാനമായ ഇവിടെ ഈ ബഹളങ്ങൾ മാറ്റി വച്ചാലും കാണുവാൻ ഒരുപാടുണ്ട്. സ്ഥിരം പരിചിതമായ ഇടങ്ങളിൽ തുടങ്ങി വളരെ അവിചാരിതമായി മാത്രം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടം വരെ ഗോവയുടെ പ്രത്യേകതയാണ്. സാധാരണ സഞ്ചാരികളിൽ നിന്നും വ്യത്യസ്തമായി ഗോവയുടെ ഉള്ളിലോട്ട് കയറിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവർക്കുവേണ്ടി ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...
#കാകോലം_ബീച്ച്
ഗോവയിൽ വളരെ കുറച്ച് മാത്രം ആളുകൾ എത്തിപ്പെടുന്ന ഇടങ്ങളിലൊന്നാണ് കാകോലം ബീച്ച്. കാഴ്ചയിൽ ഒരു കൊച്ചു സ്വർഗ്ഗത്തെപോലെയൊക്കെ തോന്നിപ്പിക്കുന്ന ഇവിടം കാബോ ഡി രാമാ റിസോർട്ടിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ടൈഗർ ബീച്ച് എന്നും ഇതറിയപ്പെടുന്നു. ഗോവയിലെ മറ്റു ബീച്ചുകൾ പോലെ അത്ര പ്രസിദ്ധമല്ലെങ്കിലും ഒരിക്കൽ ഇവിടെ എത്തുന്നവർ വീണ്ടും വരുവാൻ ശ്രമിക്കാറുണ്ട്. അല്പം ഒറ്റപ്പെട്ടു കിടക്കുന്നതാണെങ്കിലും ഇവിടുത്തെ വൃത്തിയും ഭംഗിയും എടുത്തു പറയേണ്ടതു തന്നെയാണ്.
@ഊര്തെണ്ടി
#അർവാലെം_ഫാൾസ്
ഗോവയിലെ ബീച്ചുകളെ കൂടാതെ മറ്റെന്തെങ്കിലും കാഴ്ചകളാണ് തേടുന്നതെങ്കിൽ അർവാഹം ഗുഹകളിലേക്കും വെള്ളച്ചാട്ടത്തിലേക്കും തിരിക്കാം. സഞ്ചാരികൾ അധികം എത്തിച്ചേരാത്ത ഇവിടം സിൻക്വേരിം ബീച്ചിൽ നിന്നും 42 കിലോമീറ്റർ അകലെയായയാണ് സ്ഥിതി ചെയ്യുന്നത്. ബഹളങ്ങളും ആഘോഷങ്ങളും ഇവിടെയുണ്ടെങ്കിലും അതൊന്നും എത്തിച്ചേരാത്ത ഒരു ശാന്തത ഇവിടെ കാണാം.
പാണ്ഡവ ഗുഹകൾ എന്നുകൂടി അറിയപ്പെടുന്ന അർവാലം ഗുഹകൾ മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. തങ്ങളുടെ 12 വർഷം നീണ്ടു നിന്ന വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയെന്നും നാളുകളോളം ഇവിടെ താമസിച്ചിരുന്നു എന്നുമാണ് പറയപ്പെടുന്നത്. ഈ ഗുഹ അഞ്ച് ഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുവന്നത് ഈ വാദത്തിന് കൂടുതൽ ശക്തി പകരുന്നതാണ്. ആറാം നൂറ്റാണ്ടിലാണ് ഈ ഗുഹകൾ ആദ്യമായി കണ്ടെത്തുന്നത്.
അർവാലം ഗുഹയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അർവാലം വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു മനോഹര കാഴ്ചയാണ്.
#ഫോർട്ട്_തിരാകോൾ
സഞ്ചാരികൾക്കു തീരെ പരിചിതമല്ലാത്ത മറ്റൊരിടമാണ്
ഫോർട്ട് തിരാകോൾ. തിരാക്കോൾ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഫോർട്ട് തിരാക്കോൾ എന്നറിയപ്പെടുന്നത്. സാവന്ത്വാടി രാജാവായിരുന്ന മഹാരാജാ ഖേം സാവന്ത് ഭോൺസലിന്റെ കാലത്താണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്. . പിന്നീട് 1746 ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കുകയും ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. അവർ തന്നെ നിർമ്മിച്ച നൂറു വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ ദേവാലയവും ഇവിടെയുണ്ട്. ബീച്ചുകളുടെ കാഴ്ചകളിൽ നിന്നും ഒരു മാറ്റം പ്രതീക്ഷിച്ച്് ഗോവൻ കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളാണ് ഇവിടെയെത്തുന്നവർ. എന്നാൽ ഇന്ന് കോട്ട ഒരു ഹെറിറ്റേജ് ഹോട്ടലായാണ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. എന്നാൽ അകലെ നിന്നും കോട്ടയുടെ കാഴ്ച അതിമനോഹരമാണ്.
#കംബാർജുവാ_ബാക്ക്വാട്ടർ_കനാൽ
മിക്കവരും ആദ്യമായിട്ടായിരിക്കും കംബാർജുവാ എന്നു കേൾക്കുന്നത്. നോർത്ത് ഗോവയിൽ മാണ്ഡോവി നദിയുടെ തീരത്താണ് കംബാർജുവാ ബാക്ക് വാട്ടർ കനാൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും സാഹസികർക്കും യോജിച്ച ഇടമാണിത്. കണ്ടൽക്കാടുകൾക്കിടയിലൂടെ നടത്തുന്ന ബോട്ടിംഗാണ് ഇവിടുത്തെ പ്രധാന ആകർഷണം. മുതലകൾക്കിടയിലൂടെയാണ് ഇവിടെ ബോട്ടിംഗ് നടത്തുന്നത്.
#ചോർലാ_ഘട്ട്
ഗോവയിൽ എത്തുന്നവർക്ക് തീർത്തും അപരിചിതമായ ഇടമാണ് ചോർലാ ഘട്ട്. ഇപ്പോൾ ഗോവയിൽ കറങ്ങാനെത്തുന്നവരുടെ ലിസ്റ്റിലെ ട്രെൻഡിംഗ് സ്ഥലം കൂടിമാണിന്ന് ചോർലാ ഘട്ട്. മൂന്നു സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന ഇടത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്. . സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ സ്ഥലത്തെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായാണ് കണക്കാക്കുന്നത്.
വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ജംഗിൾ വാക്കിനും ഒക്കെ ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ കുന്നിന്റെ മുകളിലേക്കുള്ള യാത്രയാണ് ഏറ്റവും ആകർഷകമായത്.
ഗോവയിലെ പനാജിയിൽ നിന്നും 50 കിലോമീറ്ററും കർണ്ണാടകയിലെ ബെൽഗാമിൽ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
#പെക്വിനോ_ഐലൻഡ്
ബാട് ഐലൻഡ് എന്നും അറിയപ്പെടുന്ന പെക്വിനോ ഐലന്‍ഡിന്റെ കാഴ്ചകൾ മാത്രം മതി അറിയപ്പെടാത്ത ഗോവയെ സ്നേഹിക്കുവാൻ. സൗത്ത് ഗോവയിൽ വാസ്കോഡ ഗാമയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെക്വിനോ ഐലൻഡ് കല്ലുകൾ നിറഞ്ഞു കിടക്കുന്ന ഒരു ദ്വീപാണ്. ഗോവയിൽ ഏറ്റവും നന്നായി സ്നോർകലിങ്ങ് ചെയ്യുവാൻ പറ്റിയ ഇടം കൂടിയാണിത്. സാഹസികത മാറ്റിവെച്ചാൽ കണ്ണിനെ മയക്കുന്ന കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.
#ഭഗ്‌വാൻ_മഹാവീർ #ദേശീയോദ്യാനം
എത്ര തിരക്കുണ്ടെങ്കിലും ഗോവന്‍ യാത്രയിൽ കണ്ടിരിക്കേണ്ട ഇടമാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം. വടക്കൻ ഗോവയില് പനാജിയിൽ നിന്നും 57 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോവയിൽ ഇന്നുള്ളതിൽ ഏറ്റവും വലിയ സംരക്ഷിത പ്രദേശമാണ് ഇവിടെ. അത്യപൂർവ്വമായ ജൈവവൈവിധ്യ കലവറ കൂടിയാണ് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം. ഇലപൊഴിയും വനങ്ങളും നിത്യഹരിതവനങ്ങളും ചേർന്നതാണിവിടുത്തെ പ്രകൃതി.
*@ഊര്തെണ്ടി*
#നേത്രാവല്ലി_ബബ്ലിംഗ് _ലേക്ക്
പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് സമ്പന്നമാണ് ഗോവ. അതിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നേത്രാവല്ലി ബബ്ലിംഗ് ലേക്ക്. സൗത്ത് ഗോവയിലെ സാന്‍ഗ്വമിന് സമീപമാണ് ഇതുള്ളത്. കുമിളകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഒരു ലേക്ക് എന്ന നിലയിലാണ് ഇത് പ്രസിദ്ധമായിരിക്കുന്നത്. മീഥേയ്ൻ പോലുള്ള പ്രകൃതി വാതകങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ഇവിടെ കുമിളകൾ വരുന്നത് എന്നാണ് കരുതുന്നത്.
#സെന്റ്_അഗസ്റ്റിൻ_ചർച്ച്
ക്രിസീതീയ ദേവാലയങ്ങൾ എണ്ണിത്തീർക്കാവുന്നതിലുമധികം ഗോവയിലുണ്ട്. യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി 1986 ൽ ഉയർത്തപ്പെട്ട സെന്‍റ് അഗസ്റ്റിൻ ചർച്ച് ഇന്ന് ഏറെക്കുറെ നശിച്ച നിലയിലാണ്. നിര്‍മാണം നടന്ന കാലം വെച്ച് നോക്കുമ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായിരുന്നത്രേ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്. നാശത്തിന്റെ വക്കിലെത്തിനില്‍ക്കുകയാണ് ഈ കൂറ്റന്‍ പള്ളി ഇന്ന്. സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് എന്നാല്‍ ഇന്ന് ഏതാണ്ട് 46 മീറ്റര്‍ ഉയരത്തിലുള്ള ഒരുഗോപുരം മാത്രമാണ്. ഹോളി ഹില്‍ എന്നറിയപ്പെടുന്ന ഓള്‍ഡ് ഗോവയിലെ ഒരു കുന്നിന്‍പുറത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ചരിത്രപരവും നിര്‍മിതിപരവുമായ പ്രത്യേകതകളുള്ള സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് എല്ലാക്കാലത്തും നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു.
No comments:
Post a Comment